ഇതൊരു ആഗോള മലയാളി കൂട്ടായ്മയാണ്. സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി പേർ നേതൃത്വം കൊടുക്കുന്ന സംഘം തികച്ചും നിസ്വാർത്ഥതയോടെ സമൂഹത്തെ സമൃദ്ധമാക്കാൻ താങ്കളേയും ക്ഷണിക്കുന്നു. ദർശനങ്ങൾ പങ്കു വച്ച് , സമൂഹത്തിലെ ദുർബലർക്ക് കരുത്തും കരുതലുമാകാൻ നമുക്കുള്ള ബാധ്യത പ്രാവർത്തികമാക്കാനാണ് നാം ഒത്തു ചേരുന്നത്.
ജാതി – മത – സങ്കുചിത രാഷ്ട്രീയ ഭേദം മാറ്റി വെച്ച് മലയാളത്തിന്റെ വിശാലത ഉയർത്തിപ്പിടിച്ച് ,പരസ്പര സഹവർത്തിത്വവും, സാഹോദര്യവും ത്വരിതപ്പെടുത്തി നീതിയിലും നന്മയിലും
അധിഷ്ഠിതമായ പ്രവർത്തനങ്ങൾക്ക് ഒരുമിച്ച് ഹൃദയം ചേർത്ത് നമുക്ക് നീങ്ങാം. മികച്ച വിദ്യാഭ്യാസം, നല്ല ആരോഗ്യം, തൊഴിൽ, എന്നിവയ്ക്കായി പരിശ്രമിക്കാം.
പരിസ്ഥിതി, പ്രകൃതി വിഭവങ്ങളെ സംരക്ഷിച്ച്, അധർമത്തിനും , അന്ധവിശ്വാസത്തിനും, സാമൂഹിക അസമത്വത്തിനുമെതിരെ പോരാടാൻ സമയമായി. ഭരണഘടന ഉയർത്തിപ്പിടിച്ച്, സമാധാനകാംക്ഷികളായി കരുത്തോടെ ഓരോ രംഗത്തും നമുക്ക് ഇടപെടാം. നമ്മുടെ നിഷ്ക്രിയത്വമാണ് അരാജകത്വം സൃഷ്ടിക്കുന്നത്.
ലഹരിയുടെ ആധിക്യവും ധൂർത്തും ആഢംബരവും മലയാളിയെ ദുഷിപ്പിച്ചിട്ടുണ്ട്. ആ ദൂഷിത വലയത്തിൽ നിന്ന് നമുക്ക് മോചിതരാകണം.
മതപരമായ വേർതിരിവിന് ആസൂത്രിതമായി കുൽസിത താൽപ്പര്യക്കാർ പ്രവർത്തിക്കുന്നുണ്ട് , മതമെന്നതിനു പകരം മദം അവരെ ഭരിക്കുന്നു. അവിടെ സ്നേഹത്തിന്റെയും ഐക്യത്തിന്റേയും ദീപശിഖ നമുക്ക് ഉയർത്താം. താങ്കൾ ഒപ്പമുണ്ടെങ്കിൽ ഈ ആശയത്തെ ലോകമെങ്ങും നമുക്ക് പ്രചരിപ്പിക്കാം , ഒരു നല്ല സ്വയം പര്യാപ്ത വികസിത പാത സൃഷ്ടിച്ചെടുക്കാം.